ഇന്ത്യൻ 2 12ന്; സ്ക്രീനില്‍ നെടുമുടി
28 വർഷത്തിനുശേഷം സേനാപതിയായി കമല്ഹാസൻ എത്തുമ്ബോള്‍ കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥനായി നെടുമുടി വേണു തന്നെ വേണമെന്ന് സംവിധായകൻ ഷങ്കർ നേരത്തെ ഉറപ്പിച്ചിരുന്നതാണ്.
അകാലത്തില്‍ നെടുമുടി വേണു എന്ന മഹാനടൻ വിട പറഞ്ഞപ്പോള്‍ ഷങ്കർ എഐ സാങ്കേതിക വിദ്യയിലൂടെ പുനർജീവിപ്പിച്ചതിന് പിന്നിലൊരു കഥയുണ്ട്. സിനിമയ്ക്ക് പുറത്ത് നെടുമുടിയും ഷങ്കറും ചേർന്ന് ഇന്ത്യന്റെ സമയത്ത് ഒരു സ്നേഹ മതില് ഉയർത്തിയ കഥ. സേനാപതിയെ പോലെ കൃഷ്ണ സ്വാമിക്കും ഒരിക്കലും ഒരു പകരക്കാരനെ ലഭിക്കില്ല ! എല്ലാം ഷങ്കറിന് അറിയാമായിരുന്നു. മാത്രമല്ല, തമിഴില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് നെടുമുടി അഭിനയിച്ചത്. അതില്‍ പ്രിയ ചിത്രമാണ് ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ. കമല്‍ഹാസനൊപ്പമുളള രംഗങ്ങള്‍ ഏറെ ആസ്വദിച്ചാണ് അഭിനയിച്ചത്. ഇന്ത്യൻ 2ല്‍ ഇതിന്റെ തുടർച്ചയും. ചരിത്ര വിജയവും ദേശീയ അംഗീകാരവും നേടിയ ഇന്ത്യന്റെ തുടർച്ചയായ ഇന്ത്യൻ 2 ജൂലായ് 12ന് റിലീസ് ചെയ്യുമ്ബോള്‍ നെടുമുടി വേണുവിനെ വീണ്ടും സ്ക്രീനില്‍ കാണാം. ആ വിയോഗശേഷം എത്തുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയുമുണ്ട്. ഒരു മലയാള നടനെ ആദ്യമായാണ് എഐ സാങ്കേതിക വിദ്യയിലൂടെ പുനർജീവിപ്പിക്കുന്നത്.