Featured

മണിച്ചിത്രത്താഴിന്റെ റി-റിലീസ് ഡേറ്റ് വിവരങ്ങള്‍ പുറത്ത്

ഇന്നും കാലാനുവർത്തിയായി നില്‍ക്കുന്ന ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്.

ഫാസിലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, മോഹൻലാല്‍, ശോഭന എന്നിവർ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റി-റിലീസ് ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരികയാണ്.

പുത്തൻ സാങ്കേതിക മികവില്‍ ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകള്‍ അനുസരിച്ചാണെങ്കില്‍ വലിയൊരു മാസ് റി റിലീസ് ആകും മണിച്ചിത്രത്താഴിന് ഓഗസ്റ്റില്‍ ലഭിക്കാൻ പോകുന്നത്. നേരത്തെ 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്ന് വാർത്തകള്‍ വന്നിരുന്നു. ഫോർകെ അറ്റ്മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്.

1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാല്‍, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോള്‍ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തില്‍ അമ്ബരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.